ഓഫീസ് ജോലിക്കൊപ്പം തേങ്ങാക്കച്ചവടം നടത്തി ബാങ്കിൽ നിക്ഷേപിച്ച 1.17 കോടി രൂപ കണക്കിൽപ്പെടാത്ത പണമാണെന്ന ആദായനികുതി വകുപ്പിന്റെ വാദത്തിന് തിരിച്ചടി.
കന്യാകുമാരി സ്വദേശിനിയായ അനിതയ്ക്ക് അനുകൂലമായാണ് ചെന്നൈയിലെ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) വിധി പുറപ്പെടുവിച്ചത്.
നാഗർകോവിലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനിത, ഒഴിവുസമയങ്ങളിൽ തേങ്ങാക്കച്ചവടവും നടത്തിയിരുന്നു.
കർഷകരിൽ നിന്ന് തെങ്ങിൻതോപ്പുകൾ പാട്ടത്തിനെടുത്തും നേരിട്ട് തേങ്ങ വാങ്ങിയും വിപണിയിൽ വിൽപ്പന നടത്തിയാണ് വരുമാനം കണ്ടെത്തിയത്.
2020-21 അസസ്‌മെന്റ് വർഷത്തിൽ ഈ കച്ചവടത്തിലൂടെ ലഭിച്ച 1.17 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചു.
എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് തുക നികുതിക്ക് വിധേയമാക്കാൻ തീരുമാനിച്ചു.
കച്ചവടം നടത്തിയതിന്റെ കൃത്യമായ അക്കൗണ്ടുകളും രേഖകളും ഹാജരാക്കിയില്ലെന്നായിരുന്നു വകുപ്പിന്റെ വാദം.
ഇതിനെതിരെ അനിത നൽകിയ അപ്പീലിലാണ് ട്രൈബ്യൂണൽ ആശ്വാസം നൽകിയത്.
ബാങ്ക് ഓവർഡ്രാഫ്റ്റ് അക്കൗണ്ടിലെ ഇടപാടുകൾ, കർഷകരുടെയും മറ്റ് വ്യക്തികളുടെയും മൊഴികൾ എന്നിവ പരിഗണിച്ചാണ് തേങ്ങാക്കച്ചവടം യഥാർത്ഥ ബിസിനസ് പ്രവർത്തനമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തിയത്.
എന്നാൽ മുഴുവൻ തുകയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
സെക്ഷൻ 44AD പ്രകാരം 1.177 കോടി രൂപയുടെ എട്ട് ശതമാനമായ 9.416 ലക്ഷം രൂപ കൂടി അധിക ബിസിനസ് വരുമാനമായി കണക്കാക്കി നികുതി നിർണയിക്കാനാണ് ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. 2026 നവംബർ 16-നായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.


