വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാത്ത യുവാക്കളുടെ പ്രശ്നങ്ങൾ പഠിക്കാനൊരുങ്ങി കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്.
വിവാഹാലോചനകൾ പലതും വരുന്നുണ്ടെങ്കിലും വിവാഹം മാത്രം ശരിയാകുന്നില്ലെന്ന യുവാക്കളുടെ പരാതികൾ പരിഗണിച്ചാണ് പഞ്ചായത്തിന്റെ നടപടി.
വിവാഹം നടക്കാത്ത യുവാക്കൾ നേരിടുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിക്കാനാണ് ഭരണസമിതിയുടെ തീരുമാനം.
പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം ഭരണസമിതി യോഗത്തിൽ മുന്നോട്ടുവച്ചത്.
വിഷയത്തിൽ പഞ്ചായത്ത് ഇടപെടേണ്ടതുണ്ടെന്ന അംഗങ്ങളുടെ പൊതുവായ അഭിപ്രായത്തെ തുടർന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്ത് പരിധിയിലെ വിവാഹം നടക്കാത്ത യുവാക്കളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കും.
തുടർന്ന് ഇവർ നേരിടുന്ന പ്രതിസന്ധികളും വിവാഹം നടക്കാത്തതിന്റെ കാരണങ്ങളും വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തും.
പഠനത്തിനും തുടർനടപടികൾക്കുമായി പി.കെ. മുഹമ്മദലി ചെയർമാനായും ടി.വി. കുഞ്ഞിക്കണ്ണൻ കൺവീനറുമായ പ്രത്യേക ഉപസമിതിയെയും പഞ്ചായത്ത് ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്.


