ഭോപ്പാൽ: കൊലപാതകക്കേസിലെ പ്രതിയെ രക്ഷിക്കാൻ ഭീഷണിപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് ഭൂമി തട്ടിയ കേസിൽ കട്നി സിറ്റി പൊലീസ് സൂപ്രണ്ട് (സി.എസ്.പി.) നേഹ പച്ചീസിയ ഒളിവിൽ പോയി.
ഇവർ മുൻകൂർ ജാമ്യത്തിനായി നീക്കം നടത്തുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ നേഹയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
കേസെടുത്തതോടെ നേഹയ്ക്കായി പൊലീസ് വലവിരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എയർഹോസ്റ്റസിൽ നിന്ന് സിറ്റി പൊലീസ് സൂപ്രണ്ടിലേക്ക് അതിവേഗം വളർന്ന നേഹയുടെ ജീവിതമാണ് അഴിമതിക്കേസിൽ തകർന്നത്.
കൊലക്കേസ് പ്രതി രമേശ് ലോധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാൻ നേഹ സമ്മർദം ചെലുത്തുകയായിരുന്നു. പ്രതി ജയിലിൽ കഴിയവെ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് 2.15 ഏക്കർ ഭൂമി എഴുതിവാങ്ങിയത്.
മാർക്കറ്റ് നിരക്കിൽ 82.86 ലക്ഷം രൂപ വിലയുള്ള ഭൂമി വെറും 18.32 ലക്ഷം രൂപയ്ക്കാണ് കൈമാറ്റം ചെയ്തത്.
ഇടപാടിൽ 15 ലക്ഷം രൂപ ബാങ്ക് വഴിയും 3.32 ലക്ഷം രൂപ പണമായും നൽകി. ഭൂമി വാങ്ങിയ മറൂഫ് അഹമ്മദ് ഹനഫിയുടെ അക്കൗണ്ടിൽ ഇടപാടിന് മുൻപ് ചെറിയ തുക മാത്രമാണുണ്ടായിരുന്നത്.
ഭൂമിയിടപാടിന്റെ തലേദിവസം രണ്ടു വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നാണ് മറൂഫിന്റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപയെത്തിയത്. ഒരേ പാൻകാർഡുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ നിന്നാണ് ഈ തുക കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ അക്കൗണ്ട് ഉടമകൾക്ക് നേഹ പച്ചീസിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സമഗ്ര അന്വേഷണത്തിന് പ്രഖ്യാപനം നടത്തുകയായിരുന്നു. ഭോപ്പാൽ വിജിലൻസ് ബ്രാഞ്ചിന്റെ പരാതിയിലാണ് കേസെടുത്തത്.
ജബൽപുർ സോണിന്റെ നിർദേശപ്രകാരം ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ നേഹയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന നേഹയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ തുടരുകയാണ്.


