കരുവാറ്റയിൽ വയോധിക ദമ്പതികളെ കൗമാരക്കാർ കൊലപ്പെടുത്തിയ കേസിൽ അസാധാരണ നടപടിയുമായി ആലപ്പുഴ ജുവനൈൽ കോടതി.
കേസിൽ പ്രതികളായ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ മൈനർ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെന്ന വാദം കോടതി തള്ളി.
മൈനർ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് മുൻകാല കോടതി വിധികളില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. കർശനമായ വ്യവസ്ഥകളോടെയാണ് മൂന്ന് കുട്ടികളുടെയും കസ്റ്റഡി അപേക്ഷ കോടതി അനുവദിച്ചത്.
കേരളത്തിൽ ഇത്തരമൊരു ഉത്തരവ് ആദ്യമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ.
കേസിൽ 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, 13 വയസ്സുകാരിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. മൊഴിയെടുക്കുന്നതിനുള്ള അനുമതി മാത്രമാണ് പൊലീസ് തേടിയത്. പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
ദൃക്‌സാക്ഷികളില്ലാത്തതും അടച്ചിട്ട വീട്ടിൽ അർധരാത്രിയിൽ നടന്നതുമായ കൊലപാതകമായതിനാൽ, കേസിൽ കുട്ടികൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും തെളിവെടുപ്പിനായി ഇവരെ വിട്ടുകിട്ടിയില്ലെങ്കിൽ അന്വേഷണം ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാൽ നിയമപരിരക്ഷ ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഈ ഉത്തരവിലൂടെ നൽകുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ജെ.ജെ. ആക്ടിൽ കുട്ടികളെ പൊലീസ് ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കരുതെന്നാണ് വ്യവസ്ഥയുള്ളതെന്നും, എന്നാൽ പ്രത്യേക കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്യുന്നതിനും മൊഴിയെടുക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും വിലക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹി നിർഭയ കേസിൽ പോലും മൈനർ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്ന നടപടി ഉണ്ടായിട്ടില്ലെന്ന വാദം ഉയർന്നെങ്കിലും, ഒന്നിലധികം മൈനർമാർ മാത്രം ഉൾപ്പെട്ടതും അപൂർവങ്ങളിൽ അപൂർവവുമായ കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.


