ചെന്നൈ: കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങളെ തമിഴ്‌നാട് സർക്കാർ കൈവിടില്ല. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് ഈ മാസം പത്തിന് കരൂർ സന്ദർശിക്കും. ഈ വേളയിൽ അദ്ദേഹം മരിച്ചവരുടെ ആശ്രിതർക്കുള്ള നിയമന ഉത്തരവുകൾ നേരിട്ട് കൈമാറുന്നതാണ്.
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് നടത്തുന്ന ആദ്യ കരൂർ സന്ദർശനമാണിത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27-നാണ് തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തം സംഭവിച്ചത്. ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർക്ക് ജീവൻ നഷ്ടമായത്. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ദുരന്തബാധിതരുടെ കുടുംബങ്ങളെ കണ്ടിരുന്നു.
ഒക്ടോബർ 27-ന് മഹാബലിപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. ദുരന്തസ്ഥലമായ കരൂരിലേക്ക് പോകാതെ ഹോട്ടലിലേക്ക് കുടുംബങ്ങളെ വിളിച്ചുവരുത്തിയത് അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കരൂർ സന്ദർശനം പ്രാധാന്യമർഹിക്കുന്നത്.
കരൂർ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ പരിപാടികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ കർശനമാക്കിയിരുന്നു. പൊതുയോഗങ്ങളും റാലികളും നടത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ ആഭ്യന്തര വകുപ്പ് വലിയ മാറ്റങ്ങളാണ് വരുത്തിയത്.
നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയാണ് കരൂർ ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള സർക്കാരിന്റെ തീരുമാനം ഇരകളുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
പ്രഖ്യാപിച്ച സഹായങ്ങൾ കൃത്യസമയത്ത് ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്.


