മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനിയുടെ വൃക്കകൾ തകരാറിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.
വിവാദത്തിലായ എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ നിലവിൽ പ്രവർത്തനരഹിതമായി.
ക്രീമിന്റെ പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നമ്പറുകളുടെ ഉടമകളെ കണ്ടെത്താൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
വ്യാജ ഫെയർനസ് ക്രീമുകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ ഈ മേഖലകളിൽ ഇത്തരം ക്രീമുകളുടെ വിൽപന വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുനിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ കാസർകോട് കേന്ദ്രീകരിച്ച് റീപാക്ക് ചെയ്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തിക്കുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദുബായ്, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന ഉൽപന്നങ്ങളുടെ പാക്കിങ് കേന്ദ്രങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
നേരത്തെ സമാനമായ രീതിയിൽ വിപണിയിലെത്തിയ ക്രീമുകൾ പിന്നീട് മറ്റ് ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ റീപാക്കിങ് നടത്തുന്നത് ആരാണെന്നോ ഉൽപന്നങ്ങളുടെ ഉടമസ്ഥാവകാശം ആർക്കാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എഫ് ട്യൂൺ ക്രീം ഇപ്പോഴും വിൽപനയ്ക്ക് ലഭ്യമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു. ക്രീമുകളുടെ വിതരണ ശൃംഖല കണ്ടെത്തി വിൽപന പൂർണമായും തടയാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.


