Top News
what kind of country is this?

രഞ്ജിനി ഹരിദാസിന്റെ രൂക്ഷവിമർശനം; എല്ലാവരും നിശബ്ദത വെടിയണമെന്ന് ആഹ്വാനം

ഡൽഹിയിലെ ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി ഹരിദാസ്.

സമാധാനപരമായി നടക്കുന്ന പ്രതിഷേധം അടിസ്ഥാനപരമായ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അതിനെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ രഞ്ജിനി പ്രതികരിച്ചു.

“ഇതെന്തുതരം രാജ്യമാണ്, എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്. ഒരാളെ സംരക്ഷിക്കാൻ ഒരു സർക്കാർ ഒന്നാകെ നിൽക്കുകയാണ്. നമ്മുടെ നിശബ്ദതയെയാണ് അവർ മുതലെടുക്കുന്നത്.

എല്ലാവരും കണ്ണുതുറന്ന് ഒന്നിച്ച് നിൽക്കണം,” രഞ്ജിനി ഹരിദാസ് പറഞ്ഞു.

പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുകയും സമാധാനപരമായ സമരത്തെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നും രഞ്ജിനി വിമർശിച്ചു.

പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാസേനയെ സ്ത്രീസുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നെങ്കിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു.

യുവജനപ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകരായ റോഷ്‌നി രാജനെയും ഫർസ ടി.എമ്മിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിലും രഞ്ജിനി പ്രതികരിച്ചു.

നാലാം തൂണായ മാധ്യമങ്ങളെപ്പോലും നിശബ്ദമാക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നുവെന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അവർ ഉയർത്തിയ വിമർശനം.

ഡൽഹിയിലെ പ്രതിഷേധവും മാധ്യമപ്രവർത്തകരുടെ കസ്റ്റഡിയും രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ ചർച്ചയാകുന്നതിനിടെയാണ് രഞ്ജിനി ഹരിദാസിന്റെ പ്രതികരണം പുറത്തുവന്നത്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു