ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് വിവിധ സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു. പാർട്ടി ദേശീയ നേതൃത്വമാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്.
കേരളത്തിന്റെ സംഘടന ചുമതലയിൽ നിന്ന് മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കറെ നീക്കി. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയായ എം നാഗരാജ് ആണ് പുതിയ കേരള പ്രഭാരി.
തമിഴ്‌നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എൻ വെങ്കിടേഷിനെ സഹപ്രഭാരിയായി നിയമിച്ചു.
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകി. മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ലക്ഷദ്വീപിന്റെ സംഘടനാ ചുമതല ലഭിച്ചത്.
ബിജെപി നേതാവ് അനിൽ ആന്റണി ഗോവ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ പ്രഭാരിയാകും.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഛത്തീസ്ഗഢ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതല നൽകി. ഹരീഷ് ദ്വിവേദി ബീഹാറിലും വിനോദ് താവ്‌ഡെ ഉത്തർപ്രദേശിലും പ്രഭാരിമാരാകും. തമിഴ്‌നാട്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല റാം മാധവിനാണ്.
തരുൺ ചുഗ് ഗുജറാത്തിലും സതീഷ് പൂനിയ ജമ്മു കശ്മീരിലും പഞ്ചാബിലും പ്രവർത്തിക്കും. സഞ്ജയ് ഭാട്ടിയ രാജസ്ഥാനിലും വിനയ് സഹസ്രബുദ്ധെ ഡൽഹിയിലും പ്രഭാരിമാരായി തുടരും.
സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് ഈ പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നത്.


