സൗദി അറേബ്യയിലെ കിങ് ഖാലിദ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടന്ന ഹൂതി ആക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കൊല്ലപ്പെട്ടവരിൽ സൗദി വിമാനക്കമ്പനിയായ സൗദിയയുടെ ക്യാപ്റ്റനും ഉൾപ്പെടുന്നതായാണ് വിവരം. വ്യാഴാഴ്ച നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് മരണങ്ങൾ സംഭവിച്ചതെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യ ആക്രമണം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്നും രണ്ടാമത്തേത് സൗദിയയുടെ വിമാനത്തിന് നേരെയായിരുന്നുവെന്നും വ്യോമയാന അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും വിവരമുണ്ട്.
സൗദി വ്യോമസേനയുടെ കിങ് ഖാലിദ് വ്യോമതാവളത്തെയും സൗദി–യെമൻ അതിർത്തിക്ക് സമീപമുള്ള നജ്റാനിലെ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി സംഘം അവകാശപ്പെട്ടിരുന്നു.
ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും വ്യോമഗതാഗതത്തെ ബാധിച്ചെന്നും സംഘം അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റിയാദിലേക്കുള്ള വിമാന സർവീസുകൾക്കും തടസ്സങ്ങൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതായും വിവരമുണ്ട്.


