നമ്മൾ സ്കൂളിൽ പഠിച്ച ലോകഭൂപടം വലിയൊരു തെറ്റായിരുന്നോ? നൂറ്റാണ്ടുകളായി ലോകത്തെ കാണാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത ഭൂപടത്തിന്റെ വക്രീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്.
ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പം കൂടുതൽ കൃത്യമായി അവതരിപ്പിക്കുന്ന പുതിയ ഭൂപട പ്രൊജക്ഷൻ സംബന്ധിച്ച്
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നിർണായക നീക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. 164 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
എന്നാൽ അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്.
നമ്മൾ സാധാരണയായി സ്കൂളുകളിലും ഓഫീസുകളിലും കാണുന്ന ലോകഭൂപടം 1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്റർ വികസിപ്പിച്ചെടുത്തതാണ്.
എന്നാൽ ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പം കൃത്യമായി കാണിക്കുക എന്നതായിരുന്നില്ല മെർക്കേറ്റർ പ്രൊജക്ഷന്റെ പ്രധാന ലക്ഷ്യം.
കടൽയാത്രയ്ക്കും നാവികർക്കുള്ള ദിശാനിർണ്ണയത്തിനുമായിരുന്നു ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
നേർരേഖകളിലൂടെ ദിശ മനസ്സിലാക്കാൻ സാധിച്ചതിനാൽ ജി.പി.എസ് ഇല്ലാതിരുന്ന കാലത്ത് നാവികർക്ക് ഈ ഭൂപടം ഏറെ പ്രയോജനകരമായിരുന്നു.
എന്നാൽ മെർക്കേറ്റർ പ്രൊജക്ഷന്റെ പ്രധാന പോരായ്മ ഭൂമധ്യരേഖയിൽ നിന്ന് അകന്നുപോകുന്ന പ്രദേശങ്ങളുടെ വലിപ്പം അമിതമായി വലുതായി കാണിക്കുന്നു എന്നതാണ്.
ഗോളാകൃതിയിലുള്ള ഭൂമിയെ പരന്ന പ്രതലത്തിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക വക്രീകരണമാണ് ഇതിന് കാരണം.
അതിനാൽ ആഫ്രിക്ക, ദക്ഷിണേഷ്യ, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഭൂമധ്യരേഖാ പ്രദേശങ്ങൾ താരതമ്യേന ചെറുതായും യൂറോപ്പ്, വടക്കേ അമേരിക്ക, ഗ്രീൻലാൻഡ് തുടങ്ങിയ വടക്കൻ പ്രദേശങ്ങൾ യഥാർത്ഥ വലിപ്പത്തേക്കാൾ വലുതായും ഭൂപടത്തിൽ കാണപ്പെടുന്നു.
ഗ്രീൻലാൻഡും ആഫ്രിക്കയും തമ്മിലുള്ള താരതമ്യമാണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണം.
മെർക്കേറ്റർ ഭൂപടത്തിൽ ഇരുവരും ഏകദേശം ഒരേ വലിപ്പമുള്ളതായി തോന്നാം.
എന്നാൽ യാഥാർത്ഥ്യത്തിൽ ആഫ്രിക്കയ്ക്ക് ഗ്രീൻലാൻഡിനേക്കാൾ ഏകദേശം 14 മടങ്ങ് വിസ്തൃതിയുണ്ട്. അതുപോലെ ആഫ്രിക്കയെക്കാൾ യൂറോപ്പ് വലുതാണെന്ന തെറ്റായ ധാരണയും പരമ്പരാഗത ഭൂപടം സൃഷ്ടിക്കാറുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് 2018-ൽ വികസിപ്പിച്ച ‘ഈക്വൽ എർത്ത് പ്രൊജക്ഷൻ’ പോലുള്ള പുതിയ ഭൂപട രീതികൾ ശ്രദ്ധ നേടുന്നത്.
നാവിഗേഷനേക്കാൾ ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തൃതി കൃത്യമായി പ്രതിഫലിപ്പിക്കുക എന്നതാണ് ഇത്തരം പ്രൊജക്ഷനുകളുടെ പ്രധാന ലക്ഷ്യം.
ഇതിലൂടെ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, ഓഷ്യാനിയ തുടങ്ങിയ പ്രദേശങ്ങളുടെ വലിപ്പം കൂടുതൽ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കാൻ കഴിയും.
ഭൂപടങ്ങൾ വെറും ഭൂമിശാസ്ത്രപരമായ ചിത്രങ്ങൾ മാത്രമല്ലെന്നും അവ ലോകത്തെക്കുറിച്ചുള്ള മനുഷ്യരുടെ ധാരണയെ സ്വാധീനിക്കുന്ന ശക്തമായ മാധ്യമങ്ങളാണെന്നും വാദമുണ്ട്.
പരമ്പരാഗത ഭൂപടം യൂറോപ്പിനും വടക്കൻ രാജ്യങ്ങൾക്കും അനുപാതാതീതമായ വലിപ്പം നൽകുന്നതിലൂടെ ലോകത്തെക്കുറിച്ചുള്ള ഒരു പ്രത്യേക കാഴ്ചപ്പാട് തലമുറകളിലേക്ക് കൈമാറിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പുതിയ ഭൂപടങ്ങൾ വിദ്യാഭ്യാസരംഗത്ത് ഉപയോഗിക്കുന്നത് വിദ്യാർത്ഥികൾക്ക് ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലിപ്പത്തെക്കുറിച്ച് കൂടുതൽ കൃത്യമായ ധാരണ നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ടോഗോയുടെ വിദേശകാര്യ മന്ത്രി റോബർട്ട് ഡസ്സി അവതരിപ്പിച്ച പ്രമേയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതായാണ് റിപ്പോർട്ടുകൾ.
ഭൂപടങ്ങൾ മനുഷ്യരുടെ ഭാവനയെയും ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തുന്നവയാണെന്നും, വികലമായ ഭൂപടങ്ങൾ സൃഷ്ടിക്കുന്ന തെറ്റായ ധാരണകൾ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പ്രമേയത്തെ അമേരിക്ക ശക്തമായി എതിർത്തു. ലോകം സാമ്പത്തിക പ്രതിസന്ധികളും സുരക്ഷാ വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തിൽ പതിനാറാം നൂറ്റാണ്ടിലെ ഭൂപട നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഐക്യരാഷ്ട്രസഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതാണെന്നായിരുന്നു അമേരിക്കയുടെ വിമർശനം.


