Top News
SPONSOR A KSRTC BUS

കെഎസ്ആർടിസിയിൽ പുതിയ സ്പോൺസർഷിപ്പ് പദ്ധതി

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് തുടക്കമാകുന്നു.

ഗ്രാമീണ മേഖലകളിൽ യാത്രാസൗകര്യം മെച്ചപ്പെടുത്താനും പഴയ ബസുകൾക്ക് പകരം പുതിയവ നിരത്തിലിറക്കാനുമാണ് പദ്ധതി.

വ്യക്തികൾക്കും തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സാമൂഹിക സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും ബസുകൾ സ്പോൺസർ ചെയ്യാം.

സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം. 9 മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകളാണ് സ്വീകരിക്കുക.

വാഹനം നേരിട്ട് വാങ്ങി നൽകുകയോ പണം കൈമാറുകയോ ചെയ്യാം. പണം നൽകിയാൽ ടെൻഡർ വഴി കെഎസ്ആർടിസി ബസ് വാങ്ങും.

സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകൾ കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്ത് കോർപറേഷന്റെ സ്ഥിരം ആസ്തിയാക്കും.

അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ടിക്കറ്റ് വരുമാനം, ജീവനക്കാരുടെ നിയമനം തുടങ്ങി പൂർണ നിയന്ത്രണം കെഎസ്ആർടിസിക്കായിരിക്കും.

സ്പോൺസർ നിർദേശിക്കുന്ന റൂട്ട് നിലവിലുള്ള സർവീസിന് പകരമാണെങ്കിൽ അതനുസരിച്ച് ക്രമീകരണം നടത്തും.

പുതിയ സർവീസ് വേണമെങ്കിൽ ഇന്ധനച്ചെലവും അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉറപ്പാക്കിയാൽ പരിഗണിക്കും. ഇതിനായി ധാരണാപത്രം ഒപ്പിടാനും കഴിയും.

എന്നാൽ യാത്രക്കാരുടെ ആവശ്യം, സാമ്പത്തിക സാഹചര്യം എന്നിവ പരിഗണിച്ച് റൂട്ടിലും സമയക്രമത്തിലും മാറ്റം വരുത്താനുള്ള അധികാരം കെഎസ്ആർടിസിക്കുണ്ടാകും.

സ്പോൺസർമാർക്ക് 10 വർഷത്തേക്ക് ബസിൽ പരസ്യം നൽകാനും അവസരമുണ്ട്. മുൻവശവും ഗ്ലാസുകളും ഒഴികെയുള്ള പുറംഭാഗത്തിന്റെ 60 ശതമാനം വരെയും അകത്തെ 30 ശതമാനം സ്ഥലത്തും പരസ്യം നൽകാം. ‘Sponsored By’ എന്ന പേരും രേഖപ്പെടുത്താം.

എന്നാൽ മതപരവും രാഷ്ട്രീയപരവും നിയമവിരുദ്ധവും സങ്കുചിതവുമായ പരസ്യങ്ങൾ അനുവദിക്കില്ല. എല്ലാ പരസ്യ മാതൃകകളും കെഎസ്ആർടിസിയുടെ മുൻകൂർ അനുമതിക്ക് വിധേയമാണ്.

ബസുകൾക്ക് നിലവിലെ കെഎസ്ആർടിസി ബസുകളുടേതിന് സമാനമായ നിറമായിരിക്കും. രൂപമാറ്റം ആവശ്യമായാൽ സ്പോൺസറെ മുൻകൂട്ടി അറിയിക്കും.

പുതിയ ബസുകൾ എത്തിക്കുന്നതിനൊപ്പം പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന ബസുകളുടെ നിയന്ത്രണം പൂർണമായും കെഎസ്ആർടിസിയിൽ തന്നെയായിരിക്കും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു