വയനാട്ടിലെ തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിന് കാരണം കരാറുകാരുടെ അനാസ്ഥയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിർമ്മാണ സ്ഥലത്തുനിന്ന് മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞ മാസം 20-ന് കലക്ടർ രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു.
ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യം കമ്പനിയെ അറിയിച്ചിരുന്നതാണ്. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും ഇക്കാര്യം കർശനമായി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കരാറുകാർ ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കുകയായിരുന്നു.
കനത്ത മഴയെത്തുടർന്ന് മണ്ണ് ഇടിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. നിലവിൽ ഏഴുപേരെ കാണാതായതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. ചെളി നിറഞ്ഞ മണ്ണായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാകുന്നുണ്ട്. എട്ട് മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ആവശ്യമായ സേനാ വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. എത്രയും വേഗം മണ്ണ് നീക്കം ചെയ്യാനാണ് സർക്കാർ നിർദ്ദേശം.
ഏത് പദ്ധതി നടപ്പിലാക്കുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങളിലും സുരക്ഷാ വീഴ്ചയുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്.
ജില്ലാ കലക്ടർമാർ പ്രശ്നസാധ്യതയുള്ള സ്ഥലങ്ങൾ നേരിട്ടെത്തി പരിശോധിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തുന്നത് സർക്കാർ ഗൗരവമായി കാണുന്നു.
രണ്ട് മന്ത്രിമാർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
മീനങ്ങാടിയിൽ നിന്നും കോഴിക്കോടുനിന്നും രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിക്കഴിഞ്ഞു. തൃശൂരിൽ കേന്ദ്രസേനാ വിഭാഗം ഏത് നിമിഷവും എത്താൻ സജ്ജമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.


