തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ പ്രതിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ഡിസംബർ അഞ്ചുവരെ കുട്ടി ജുവനൈൽ ഹോമിൽ തുടരും.
വെടിയേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഒരു ദിവസം കൂടി സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.
കുട്ടിയുടെ ശരീരത്തിൽ തറച്ചിരിക്കുന്ന വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃത്താല പൊലീസ് ഇന്ന് ശേഖരിക്കും.
സംഭവത്തിൽ ഉപയോഗിച്ച തോക്ക് ലൈസൻസില്ലാത്ത നാടൻ തോക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ കൈവശമുണ്ടായിരുന്ന 0.22 റിവോൾവർ പ്രവർത്തനക്ഷമമാണെന്നും പരിശോധനയിൽ വ്യക്തമായി.
ഉത്തരേന്ത്യയിൽ നിർമിച്ച തോക്കാണിതെന്നും ഇതിലെ വെടിയുണ്ട പഞ്ചാബിൽ നിർമിച്ചതാണെന്നും പൊലീസ് പറയുന്നു.
തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
തോക്ക് കൈവശം വെച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ കൈകളിലേക്ക് തോക്ക് എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടാകുമെന്നാണ് വിവരം.
തോക്കിന്റെ ഉറവിടം, സുരക്ഷിതമായി സൂക്ഷിക്കാതിരുന്നതിന്റെ സാഹചര്യം, കുട്ടിക്ക് അത് ലഭിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങളിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.


