Top News
Major visa reforms: application forms cut by 70%

ഇന്ത്യയുടെ വിസ നിയമങ്ങളിൽ വൻ മാറ്റം: ടൂറിസ്റ്റ് വിസ ഇനി ‘വിസിറ്റർ വിസ’

വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ വിസ നിയമങ്ങളിൽ നിർണായക പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ.

വിസ വിഭാഗങ്ങളുടെ എണ്ണം 13ൽ നിന്ന് ഒമ്പതായി കുറച്ചതിനു പിന്നാലെ അപേക്ഷാ ഫോമുകളിലെ വിവരങ്ങൾ 65 മുതൽ 70 ശതമാനം വരെ കുറച്ചു.

നവംബർ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഉപവിഭാഗങ്ങളുടെ എണ്ണം 49ൽ നിന്ന് 23 ആയും കുറച്ചിട്ടുണ്ട്.

പുതിയ പരിഷ്കാരത്തിലെ പ്രധാന മാറ്റം ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റർ വിസ’ എന്നാക്കി മാറ്റിയതാണ്. വിനോദസഞ്ചാരത്തിനു പുറമേ ബിസിനസ് മീറ്റിങ്ങുകൾ, മെഡിക്കൽ കൺസൾട്ടേഷനുകൾ, വെൽനെസ് യാത്രകൾ, ഹ്രസ്വകാല ചികിത്സ, ഭാഷാ-കലാ പഠനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കും പുതിയ വിസ ഉപയോഗിക്കാം.

വി-1, വി-2 എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് വിസിറ്റർ വിസ ക്രമീകരിച്ചിരിക്കുന്നത്.

വി-1 വിസയ്ക്ക് 30 ദിവസത്തെ കാലാവധിയും ഒന്നിലധികം തവണ പ്രവേശിക്കാനുള്ള അനുമതിയുമുണ്ടാകും. വി-2 വിസയ്ക്ക് ഒരു വർഷം, അഞ്ച് വർഷം, പത്ത് വർഷം എന്നിങ്ങനെ കാലാവധി ലഭിക്കും.

ഇന്ത്യൻ കമ്പനികൾക്കായി ജോലി ചെയ്യുന്ന വിദേശ എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കുമായി ‘പ്രൊഡക്ഷൻ ഇൻവെസ്റ്റ്മെന്റ് ബിസിനസ് വിസ’ എന്ന പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

യന്ത്രങ്ങളുടെ സ്ഥാപനം, പ്രവർത്തനസജ്ജമാക്കൽ, അറ്റകുറ്റപ്പണി, ഗുണനിലവാര പരിശോധന, സാങ്കേതിക പരിശീലനം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ വിസ പ്രയോജനപ്പെടും.

2025 ഒക്ടോബറിൽ വിസ വിഭാഗങ്ങൾ 22ൽ നിന്ന് 13 ആയും ഉപവിഭാഗങ്ങൾ 63ൽ നിന്ന് 49 ആയും കുറച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പരിഷ്കാരം. നിലവിൽ 172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നുണ്ട്.

അതേസമയം, പുതിയ വിസ സംവിധാനത്തിനായി ആഭ്യന്തര മന്ത്രാലയം ഐടി സംവിധാനങ്ങൾ പുതുക്കിവരികയാണ്.

2026 അവസാനത്തോടെ പുതുക്കിയ ചട്ടപ്രകാരമുള്ള വിസകൾ അനുവദിച്ചു തുടങ്ങുമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

വിദേശ വിനോദസഞ്ചാരികൾ, വിദ്യാർഥികൾ, ചികിത്സയ്ക്കായി എത്തുന്നവർ, നിക്ഷേപകർ, ബിസിനസ് വിദഗ്ധർ എന്നിവർക്ക് നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് പരിഷ്കാരത്തിന്റെ ലക്ഷ്യം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു