ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ‘മിഷൻ ചക്കക്കൊമ്പൻ’ മൂന്നാം ദിവസവും വെല്ലുവിളികൾ നേരിടുന്നു.
മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ കഴിയാത്തതാണ് ദൗത്യത്തിന് പ്രധാന തടസ്സമാകുന്നത്.
നിലവിൽ ആനയിറങ്കൽ ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി ഭാഗത്താണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്.
ജലാശയത്തിന് അടുത്തുള്ള ഈ പ്രദേശം മയക്കുവെടി ദൗത്യത്തിന് അനുയോജ്യമല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം.
ജലാശയത്തിന് കൂടുതൽ അടുത്തേക്ക് നീങ്ങാതിരിക്കാനും പന്നിയാർ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കാതിരിക്കാനും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
പന്നിയാർ ഭാഗത്തേക്ക് ആന പ്രവേശിച്ചാൽ മയക്കുവെടി ദൗത്യം പ്രായോഗികമാകില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ജലാശയത്തിൽ ബോട്ടുകളുമായി പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ആനയെ പടക്കം പൊട്ടിച്ച് തുരത്തില്ലെന്നും സ്വമേധയാ അനുയോജ്യമായ മേഖലയിലേക്ക് നീങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നടുത്തുരുത്തിയിൽ നിന്ന് 301 കോളനി ഭാഗത്തേക്ക് ആന എത്തിയാൽ മാത്രമേ ദൗത്യം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ആനയെ ഇടിക്കുഴി ഭാഗത്ത് കണ്ടെത്തിയതായും മയക്കുവെടി സംഘത്തിന് ആനയുടെ സമീപത്തെത്താൻ കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
അനുയോജ്യമായ സാഹചര്യം ലഭിച്ചാൽ മയക്കുവെടി പ്രയോഗിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. അതേസമയം, ആനയുടെ സഞ്ചാരം ജലാശയത്തിന് സമീപത്തേക്കാകാതിരിക്കാനുള്ള ജാഗ്രതയും തുടരുന്നു.
ആദ്യദിവസം ചക്കക്കൊമ്പന് മയക്കുവെടി ഏറ്റെങ്കിലും ആന പൂർണമായി മയങ്ങിയിരുന്നില്ല. തുടർന്നുണ്ടായ നീക്കങ്ങൾക്കിടെ ദൗത്യസംഘത്തിന് വെല്ലുവിളികൾ നേരിടേണ്ടിവന്നു.
രണ്ടാം ദിവസവും പ്രതികൂല ഭൂപ്രകൃതിയും ആനയുടെ സഞ്ചാരവും കാരണം ദൗത്യം പൂർത്തിയാക്കാനായില്ല. ഇതിനുപുറമെ ഉയരമുള്ള പുല്ലും ഇടതൂർന്ന സസ്യങ്ങളും മയക്കുവെടി പ്രയോഗിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിൽ നിരോധനാജ്ഞയും നിയന്ത്രണങ്ങളും തുടരുകയാണ്.
ഈ മേഖലകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന വിരണ്ടോടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ.
ഇന്നത്തെ ശ്രമവും വിജയിച്ചില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവെക്കേണ്ടിവരുമെന്ന സൂചനയും അധികൃതർ നൽകിയിട്ടുണ്ട്.
ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ സഞ്ചാരം നിരന്തരം നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്ക് എത്തുന്നത് മുൻകൂട്ടി തിരിച്ചറിയാനും കഴിയുമെന്നാണ് വനംവകുപ്പിന്റെ ലക്ഷ്യം.
എന്നാൽ ആനയുടെ സുരക്ഷയ്ക്കും മനുഷ്യരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഓരോ നീക്കവും നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.


