സുൽത്താൻ ബത്തേരി പൊലീസ്സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കടത്തിയ സംഭവത്തിലാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെ നടപടി സ്വീകരിച്ചത്.
തൊണ്ടിമുതൽ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ പത്താം തീയതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സ്റ്റോർ റൂമിൽ നിന്ന് കാണാതായതായി കണ്ടെത്തിയത്.
താക്കോൽ ഉപയോഗിച്ചാണ് സ്റ്റോർ റൂം തുറന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഇതോടെ സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിന്നീട് കോടതിയിൽ ഹാജരാക്കിയത്.
ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവ പൊലീസ് സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 18ന് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് സ്റ്റോർ റൂമിൽ നിന്ന് ഹാൻസ് കടത്തിയത്.
സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയതെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ സബിത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചതിൽ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.
ഓണത്തിന് ശേഷം മെഡിക്കൽ ലീവിൽ പോയ സബിത്ത് നിലവിൽ ഒളിവിലാണ്.
ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.
ലഹരിക്കെതിരെ സർക്കാർ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ്, പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന തൊണ്ടിമുതൽ തന്നെ ഒരു പൊലീസുകാരൻ കടത്തിയെന്ന ആരോപണം സേനയ്ക്ക് വലിയ നാണക്കേടായത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


