Top News
high court orders further investigation

ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയോ? മാതാപിതാക്കളുടെ ഹർജിയിൽ നിർണായക നടപടി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.

വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ നിർദേശം.

മരണത്തിൽ ദുരൂഹതയില്ലെന്ന സിബിഐയുടെ കണ്ടെത്തലുകൾ ചോദ്യം ചെയ്താണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോർട്ട്.

അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ അർജുന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇത് അംഗീകരിക്കാതിരുന്ന ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബാലഭാസ്‌കറിന്റെ ഡ്രൈവർ അർജുനും അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില മാനേജർമാരും സഹായികളും പിന്നീട് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായതോടെയാണ് മരണത്തിൽ സംശയങ്ങൾ ഉയർന്നത്.

ബാലഭാസ്‌കർ അറിയാതെ വാഹനത്തിൽ സ്വർണം കടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

2018 സെപ്റ്റംബർ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തിൽപ്പെട്ടത്.

ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടിന് ബാലഭാസ്‌കറും മകൾ തേജസ്വിനി ബാലയും മരിച്ചു. അപകടത്തിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റിരുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു