Latest Malayalam News - മലയാളം വാർത്തകൾ

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; അന്വേഷണം CBI ഏറ്റെടുത്തു, FIR രജിസ്റ്റർ ചെയ്തു

NATIONAL NEWS – ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ.
സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും അന്വേഷണ സംഘം റീ-രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

മണിപ്പുരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരുന്നത്.
കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉടമയെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മേയില്‍ തുടങ്ങിയ സംഘര്‍ഷം വലിയ നാശനഷ്ടങ്ങള്‍ക്കാണ് വഴിവച്ചത്.
സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബിരേന്‍ സിങ്.

Leave A Reply

Your email address will not be published.