പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പിആർ ശ്രീജേഷ് (ഹോക്കി ), എച്ച്എസ് പ്രണോയ് ( ബാഡ്മിൻ്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചത്. പരിശീലനത്തിനും ഒളിമ്പിക്സിനുള്ള മറ്റ് ഒരുക്കങ്ങൾക്കുമാണ് ഈ തുക. കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള ഹോക്കി ടീമിൽ ഇത്തവണയും മെഡൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാഡ്മിൻ്റണിൽ പ്രണോയും ഫോമിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകൾ നേർന്നു.