Latest Malayalam News - മലയാളം വാർത്തകൾ

സ്വർണം പൊടിയാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചു; കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

KERALA NEWS TODAY – കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.

ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം പാക്ക് ചെയ്ത് ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
അഭ്യന്തര വിപണിയില്‍ 11 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

വെള്ളിയാഴ്ച രാത്രി 7 മണിക്ക് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.00 മണിക്ക് വിമാത്താവളത്തിന് പുറത്തിറങ്ങി ടാക്സിയില്‍ ഫെറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു,
റഹൂഫിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ തയ്യാറാവാതിരുന്ന റഹൂഫിന്‍റെ ദേഹവും വസ്ത്രവും വിശദമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് അടിവസ്ത്രത്തിൽ തുന്നൽ കാണപ്പെട്ടത്.
തുടര്‍ന്ന് തുന്നൽ പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ സ്വര്‍ണ്ണ പാക്കറ്റ് കണ്ടെത്തുകയായിരുന്നു.

റഹൂഫിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
ഈ വര്‍ഷം കരിപ്പൂർ വിമാനത്താവളത്തിനു പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 29-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

Leave A Reply

Your email address will not be published.