ഷിരൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരുമെന്നും, അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്. കുടുംബത്തിനെതിരായി സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, അർജ്ജുൻ്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും, ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു.