ENTERTAINMENT NEWS – മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി.വി ചന്ദ്രന്.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി ഡാനിയേൽ അവാർഡ്.
കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30 -ാമത്തെ വ്യക്തിത്വമാണ് ടി.വി ചന്ദ്രൻ.
2021ലെ ജെ.സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ,
നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്ന സംവിധായകനാണ് ടി.വി ചന്ദ്രൻ എന്ന് ജൂറി അഭിപ്രായപ്പെട്ടു.1975ൽ ‘കബനീനദി ചുവന്നപ്പോൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി.വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു.
മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലർത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തർദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയർത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേർത്തു.
1993ൽ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉൾപ്പെടെ ഏഴ് ദേശീയ അവാർഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ടി.വി ചന്ദ്രൻ നേടിയിട്ടുണ്ട്.
ഒമ്പത് ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലെപ്പേർഡ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
പൊന്തൻമാട, മങ്കമ്മ, ഡാനി, ഓർമ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷൻ, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച സിനിമകൾ.