KERALA NEWS TODAY – തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശാസ്ത്രത്തേയും വിശ്വാസത്തേയും കൂട്ടിക്കെട്ടേണ്ടതില്ലെന്ന് സതീശന്‍ പറഞ്ഞു.
വിവാദം ആളിക്കത്തിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്താതിരുന്നത്.
ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വിവിധ മതങ്ങളുടെ ആചാരങ്ങളിലേക്കും വ്യക്തിനിയമങ്ങളിലേക്കും സര്‍ക്കാരോ കോടതികളോ ഇടപെടാന്‍ പാടില്ലെന്നാണ് തങ്ങളുടെ നിലപാട്.
ചരിത്ര സത്യം പോലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം. ശാസ്ത്ര ബോധത്തെ വിശ്വാസത്തോട് കൂട്ടിക്കെട്ടേണ്ടതില്ല.
എല്ലാ മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളും ശാസ്ത്രബോധത്തോട് പൊരുത്തപ്പെട്ട് പോകാത്തതാണെന്നും സതീശന്‍ പറഞ്ഞു.
‘ഷംസീറിന്റെ പ്രസ്താവന വന്നയുടന്‍ ബിജെപിയും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനംന ഭരിക്കുന്ന സിപിഎം അതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അവരത് ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. വര്‍ഗീയവാദികളുടെ അതേ ശൈലിയാണ് അവരുടേതും.
എരി തീയില്‍ എണ്ണയൊഴിച്ചു. എല്ലാവരും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമം നടത്തുന്നത്.
സ്പീക്കര്‍ ആ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുമ്പോള്‍ കുറേകൂടി ജാഗ്രത കാണിക്കേണ്ടതുണ്ട്’ സതീശന്‍ പറഞ്ഞു.
വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്ത തരത്തിലായി സ്പീക്കറുടെ പ്രസംഗമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.