മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ തന്നെ പുഴയിലിറങ്ങും. മത്സ്യത്തൊഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘം ദൗത്യം ഏറ്റെടുത്തു. സമാന സാഹചര്യങ്ങളിൽ നേരത്തെയും പ്രവർത്തിച്ചിട്ടുള്ള സംഘമാണിത്. അടിയൊഴുക്കുള്ള പുഴയിൽ ഇറങ്ങി പരിചയമുള്ളവരാണ് സംഘത്തിലുള്ളവർ. നിരവധി പേരെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ പുഴയിൽനിന്ന് എടുത്തിട്ടുണ്ട്. ഉഡുപ്പി ജില്ലയിലാണ് മാൽപെ.
നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്സ് (മണിക്കൂറിൽ 10 കിലോമീറ്റർ വേഗം) ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാൻ നാവിക സേന സംഘം സന്നദ്ധരാണ്. 3.5 നോട്സ് ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാൽ, നിലവിലെ സാഹചര്യം മോശമായ സാഹചര്യത്തിലാണ് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയത്.