KOLLAM NEWS – കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍.
യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44-കാരിയാണ് പീഡനത്തിനിരയായത്. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരാണ് പിടിയിലായത്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. അമൃതപുരി ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവതിയുമായി യുവാക്കള്‍ സൗഹൃദം സ്ഥാപിച്ചു.
പിന്നീട് സിഗരറ്റ് വേണോയെന്ന് യുവതിയോട് ചോദിച്ചു. അവര്‍ അത് വിസമ്മതിച്ചപ്പോള്‍ മദ്യകുപ്പി നല്‍കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി.
പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമിതമായി മദ്യം നല്‍കി ബോധം നഷ്ടപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.
സംഭവത്തിനു ശേഷം ആശ്രമത്തിലെത്തിയ ഇവര്‍ അധികൃതരോട് വിവരം പറഞ്ഞു. ആശ്രമത്തില്‍ നിന്ന് ആശുപത്രിയിലെത്തിച്ചു.
പിന്നീട് കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രിയാണ് നിഖിലിനേയും ജയനേയും പോലീസ് പിടികൂടുന്നത്. തുടരന്വേഷണ ചുമതല കരുനാഗപ്പള്ളി എ.സി.പിയ്ക്കാണ്.