Latest Malayalam News - മലയാളം വാർത്തകൾ

താനൂർ ബോട്ടപകടത്തിൽ സിവിൽ പോലീസ് ഓഫീസർ സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെയിൽ

KERALA NEWS TODAY – താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ പോലീസുകാരനായ സബറുദ്ദീന്‍ മരിച്ചത് ഡ്യൂട്ടിക്കിടെയെന്ന് മലപ്പുറം എസ്.പി. അദ്ദേഹം കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് ബോട്ടില്‍ യാത്ര ചെയ്തത്.
താനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്നു സബറുദ്ദീന്‍.

ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തൂവല്‍ത്തീരത്ത് എത്തിയത് എന്നാണ് പോലീസുകാര്‍ നല്‍കിയ വിവരത്തില്‍ നിന്ന് വ്യക്തമാകുന്നത്. വിജനമായ പ്രദേശമായതു കൊണ്ടു തന്നെ മയക്കുമരുന്ന് ഉപയോഗവും മറ്റും വ്യാപകമാണ്.
അത് പരിശോധിക്കാന്‍ അദ്ദേഹം ബോട്ടു മാര്‍ഗം അക്കരെ കടക്കാനുള്ള യാത്രയിലായിരുന്നിരിക്കാം എന്നാണ് നിഗമനം.

അപകടത്തില്‍പ്പെട്ട ബോട്ടിലെ ജീവനക്കാര്‍ ലഹരിയും മറ്റും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാകാം അദ്ദേഹം ബോട്ടില്‍ കയറിയത് എന്ന സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്.

കേരള പോലീസിന്റെ അഭിമാനമായിരുന്ന സബറുദ്ദീന്‍ മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ്.
അത്തരത്തിലൊരു അനുഭവം പോലീസ് ഉദ്യോഗസ്ഥർ തന്നെ പങ്കുവെച്ചു. താനൂര്‍ ബീച്ച് റോഡിലെ മില്‍മ ബൂത്തില്‍നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന മോഷ്ടാവിനെ തേടി ദിവസങ്ങളായിരുന്നു അന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അലഞ്ഞത്.
താനൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കൂടിയാണ് സ്‌കൂട്ടര്‍ കവര്‍ന്ന് മോഷ്ടാവ് കടന്നതെന്ന സി.സി.ടി.വി. ദൃശ്യം കൂടി വന്നതോടെ പോലീസുകാരുടെ ഉറക്കം പോയി.
മാസ്‌ക് ധരിച്ചിരുന്നതിനാല്‍ പ്രതിയുടെ മുഖവും വ്യക്തമായിരുന്നില്ല.

ഒടുവില്‍ സബറുദ്ദീനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സലേഷുമാണ് എട്ടാം നാള്‍ പതിനഞ്ചുകാരന്‍ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ വൈകുന്നതിനിടെ, മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ സബറുദ്ദീന്‍ മുടി വെട്ടാതെ ഇറങ്ങുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാതെ ഇനി മുടി വെട്ടില്ലെന്നും സഹപ്രവര്‍ത്തകരോടു പറഞ്ഞു. ദിവസങ്ങള്‍ക്കു ശേഷം പ്രതിയെ പിടികൂടിയതിനു ശേഷമാണ് സബറുദ്ദീന്‍ വീണ്ടും ബാര്‍ബര്‍ ഷോപ്പിലെത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞതും കൃത്യനിര്‍വഹണത്തിനിടെയായണെന്നത് കൂടുതല്‍ നൊമ്പരമാവുകയാണ്.

Leave A Reply

Your email address will not be published.