Kerala News Today-കൊച്ചി: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ദുരന്തങ്ങൾക്ക് ശേഷവും പതിവ് അന്വേഷണമുണ്ടാകും. പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടും.
പക്ഷേ പിന്നീട് എല്ലാവരും എല്ലാം മറക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകൾ ടൂറിസം രംഗത്തുണ്ട്. സമാന സംഭവം എപ്പോൾ വേണമെങ്കിലും കേരളത്തിൽ എവിടെയും ആവർത്തിക്കപ്പെടാം. സംവിധാനം നോക്കുകുത്തിയായാൽ അത് എപ്പോൾ വേണമെങ്കിലും ഉണ്ടാകും. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം, ജീവൻ ഇനിയും പൊലിയരുത്. ഇത് മുന്നിൽ കണ്ടാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.
കേസിൽ ചീഫ് സെക്രട്ടറി, താനൂർ മുൻസിപ്പാലിറ്റി മലപ്പുറം പോലീസ് ചീഫ്, പോർട് ഓഫീസർ ആലപ്പുഴ, സീനിയർ പോർട് കൺസർവേറ്റർ ബേപ്പൂർ, ജില്ലാ കലക്ടർ മലപ്പുറം എന്നിവരെ എതിർകക്ഷികളാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മലപ്പുറം ജില്ലാ കലക്ടർ താനൂർ ബോട്ടപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട് ഈ മാസം 12നകം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala News Today