KERALA NEWS TODAY – കോന്നി: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്താണ് (58) ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായത്.
ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 24ന് വൈകിട്ട് 6ന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷംന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 26 രാവിലെ 9.30ന് മരിച്ചു.
യുവതിയുടെ പിതാവ് സലിംകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. മൻസൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതു സഹിക്കാൻ കഴിയാതെ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും കുറിപ്പിൽ സൂചിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ഭർത്താവിൽ നിന്നു പീഡനമുണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.