Kerala News Today-തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട് പരാതിക്കാരൻ സമർപ്പിച്ച ഹർജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളി. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരൻ്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നൽകിയില്ല.
എന്ത് കൊണ്ടാണ് രണ്ട് അംഗ ബെഞ്ചിന് ഈ കേസ് വിട്ടതെന്ന് വ്യക്തമാക്കിയാണ് ലോകായുക്തയും ഉപലോകായുക്തയും ഈ ഹർജി തള്ളിയത്. റഫറൻസുകൾ ഈ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും രണ്ട് അംഗ ബെഞ്ച് അറിയിച്ചു. ഈ കേസ് ഒരു വർഷം വെച്ചുകൊണ്ടിരുന്നതല്ലെന്ന് ലോകായുക്ത അറിയിച്ചു. അത്യപൂർവമായ വിധിയുമല്ല വന്നതെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട് ബെഞ്ച് ആദ്യം ഈ കേസ് പരിശോധിച്ചത് അതിൻ്റെ സാധുത അറിയാൻ വേണ്ടിയായിരുന്നു.
അന്ന് ആരുടേയും വാദം കേട്ടിരുന്നില്ല. ഒരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രി സഭ തീരുമാനം ലോകായുക്തയുടെ കീഴിൽ വരില്ലയെന്നത് വാദം നടക്കുമ്പോഴാണ് എതിർ കക്ഷികൾ ഉന്നയിക്കുന്നത്. തുടർന്ന്, രണ്ട് അംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉയർന്നു. തുടർന്നാണ് ഇത് വിശാല ബെഞ്ചിന് വിട്ടതെന്ന് അവർ വ്യക്തമാക്കി. ഉച്ചക്ക്ശേഷം ഫുൾ ബെഞ്ച് ഹർജി കേൾക്കും. മുതിർന്ന അഭിഭാഷകന് ഹാജരാകാൻ കഴിയാത്തതിനാൽ വാദി ഭാഗം ആവശ്യപ്രകാരമാണ് റിവ്യൂ ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
Kerala News Today