അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായത് എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രക്ഷാ ദൗത്യം ഇനി എങ്ങനെ ആയിരിക്കുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിലപാടെന്താണെന്നും അറിയുമെന്നും മന്ത്രി പറഞ്ഞു. ഷിരൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ക്ക് നദിയില്‍ പരിശോധന നടത്തുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ചചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യസംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കോഴിക്കോട് എംപി എംകെ രാഘവൻ, എംഎൽഎമാരായ സച്ചിൻ ദേവ്, എകെഎം അഷറഫ്, ലിന്റോ ജോസഫ് എന്നിവർ സ്ഥലത്ത് ഉണ്ട്. മന്ത്രി എ.കെ. ശശീന്ദ്രനും വൈകാതെ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം.