KOTTARAKKARA NEWS – കൊട്ടാരക്കര: താലൂക്ക് ആശുപത്രി ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം നാളെ അപേക്ഷ നൽകും.
അന്വേഷണ സംഘത്തെയും വിപുലപ്പെടുത്തി. ഡിവൈഎസ്പി എം.എം.ജോസിന്റെ സംഘത്തിൽ കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്തിനെയും ഉൾപ്പെടുത്തി.
സന്ദീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ പൂജപ്പുര ജയിലിലാണ്.
10നു പുലർച്ചെ താലൂക്ക് ആശുപത്രിയിൽ ചികിത്സിക്കുന്ന ദൃശ്യങ്ങൾ സന്ദീപ് തന്നെയാണു മൊബൈൽ ഫോണിൽ പകർത്തിയതെന്നു കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചു. വാട്സാപ്പിലൂടെ മറ്റുള്ളവർക്ക് അയച്ചു കൊടുത്തതും പ്രതി തന്നെയാണെന്നും സ്ഥിരീകരിച്ചു.
സന്ദീപ് ആശുപത്രിയിലേക്ക് എത്തി പത്തു മിനിറ്റിനു ശേഷമാണ് ആ ദൃശ്യങ്ങൾ പകർത്തിയത്.
അതിൽ നഴ്സിങ് ജീവനക്കാരുടെയും ഡോ. വന്ദനയുടെയും സാന്നിധ്യം വ്യക്തമാണ്. കേസിൽ നിർണായക തെളിവാണ് ദൃശ്യങ്ങൾ.
പൂയപ്പള്ളി പൊലീസ് 10ന് പുലർച്ചെ 4.30ന് സന്ദീപിനെ കാലിൽ മുറിവേറ്റ നിലയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വീട്ടു പരിസരത്തു വച്ച് മുറിവേറ്റ സന്ദീപ് ആവശ്യപ്പെട്ട പ്രകാരമാണ് പൊലീസ് എത്തിയത്. ഇന്നലെ സന്ദീപിന്റെ ചെറുകരക്കോണത്തെ വീട്ടുപരിസരത്ത് അന്വേഷണസംഘം എത്തി ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴിയെടുത്തു.
ശാസ്ത്രീയമായ തെളിവ് ശേഖരണം ക്രൈംബ്രാഞ്ച് സംഘം പൂർത്തിയാക്കി.
താലൂക്ക് ആശുപത്രിയിൽ നിന്ന് ഏറ്റെടുത്ത നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക് ഇന്നലെ കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ചു. സന്ദീപിന്റെ രക്തസാംപിളുകളും വിദഗ്ധപരിശോധനയ്ക്ക് അയച്ചു. മൊബൈൽ ഫോണും സൈബർ പരിശോധനയ്ക്ക് അയയ്ക്കും.