Kerala News Today-കോട്ടയം: ശ്രദ്ധയുടെ മരണത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ അവസാനിപ്പിച്ചു.
ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഡി.വൈ.എസ്.പിയുടെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നതാണ് ചർച്ചയിലെ പ്രധാന തീരുമാനം.
ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.
സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിനികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും മാനേജ്മെന്റും അധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരെ ശിക്ഷിക്കും.
വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും.
വിദ്യാർഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരെ നിലവിൽ നടപടി ഉണ്ടാകില്ല. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala News Today