KERALA NEWS TODAY- കൊച്ചി: കൊച്ചിയിൽ പതിനാറുകാരന് ക്രൂരമർദനം. അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേർന്ന് കമ്പിവടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു.
സംഭവത്തിൽ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളർമതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യംചെയ്തതിനാണ് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കിയത്.
കുട്ടിയുടെ ശരീരത്തിൽ കത്രികകൊണ്ട് മുറിവേൽപ്പിച്ചതിന്റെ പാടുകളുമുണ്ട്. ഒരു കൈ പ്ലാസ്റ്റർ ഇട്ട നിലയിലും മറ്റൊരു കൈയ്യിൽ നീരുവന്ന നിലയിലുമാണെന്ന് പോലീസ് പറഞ്ഞു. ദേഹത്ത് അടിച്ചതിന്റെ പാടുകളുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാജേശ്വരിക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇതിൽ മൂത്ത മകനെയാണ് ഇവർ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ കുട്ടിയുടെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തത്.
നിലവിൽ കുട്ടി ഒരു ബന്ധുവീട്ടിലാണ്.
പോലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതികളെ ബുധനാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.