Latest Malayalam News - മലയാളം വാർത്തകൾ

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകൻ്റെ മൃതദേഹം ബാഗിലാക്കി ബസിൽ യാത്ര ചെയ്ത് പിതാവ്‌

National News-കൊൽക്കത്ത: ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതോടെ പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം ബാ​ഗിലാക്കി 200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബസിൽ സഞ്ചരിച്ച് പിതാവ്. പശ്ചിമ ബംഗാളിലാണ് ദാരുണമായ സംഭവം നടന്നത്. അഷിം ദേവശർമ എന്നയാളാണ് അഞ്ചുമാസം പ്രായമുള്ള മകൻ്റെ മൃതദേഹം ബാ​ഗിലാക്കി ബസിൽ സഞ്ചരിച്ചത്. സിലി​ഗുരിയിൽ നിന്ന് കാളീ​ഗഞ്ചിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാൻ 8000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. ഈ പണം നൽകാൻ ഇല്ലാത്തതിനാൽ മൃതദേഹം ബാ​ഗിലിട്ട് ബസിൽ കൊണ്ടുപോകാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.

സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഞ്ച് മാസം പ്രായമുള്ള മകൻ മരിച്ചത്. ആറ് ദിവസത്തെ ചികിത്സയ്‌ക്കൊടുവിലായിരുന്നു മരണം. ചികിത്സയ്ക്കായി 16,000 രൂപ ചെലവഴിച്ചു. മകൻ്റെ മൃതദേഹം കാളിയഗഞ്ചിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് ഡ്രൈവർ 8,000 രൂപ ആവശ്യപ്പെട്ടു. സൗജന്യ സേവനം നല്‍കേണ്ട സര്‍ക്കാര്‍ ആംബുലന്‍സ് സേവന ദാതാവാണ് പണം ആവശ്യപ്പെട്ടത്. പണം നൽകാൻ മാർഗമില്ലാതെ, നിസ്സഹായനായ പിതാവ് മകൻ്റെ മൃതദേഹം ഒരു ബാഗിൽ പൊതിഞ്ഞ് കാളിഗഞ്ചിലേക്കുള്ള ബസിൽ കയറി.

സഹയാത്രികർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന ഭയത്തിൽ ആരെയും അറിയിക്കാതെയായിരുന്നു യാത്ര. ശനിയാഴ്ച രാത്രി സിലിഗുരിയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാളിഗഞ്ചിലാണ് അവസാനിച്ചത്. ബംഗാളിലെ മുസ്തഫനഗര്‍ ഗ്രാമപഞ്ചായത്തിലെ ദംഗിപാറ ഗ്രാമത്തിലെ താമസക്കാരാണ് അസിം ദേവശര്‍മയും കുടുംബവും. അസുഖ ബാധയെത്തുടര്‍ന്ന് അസിമിൻ്റെ ഇരട്ടക്കുട്ടികളെ ആദ്യം കാളിഗഞ്ച് ജനറല്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് റായ്ഗഞ്ച് മെഡിക്കല്‍ കോളജിലേക്ക് കുട്ടികളെ മാറ്റി.

വ്യാഴാഴ്ചയോടെ അസിമിൻ്റെ ഭാര്യ ഒരു കുട്ടിയുമായി വീട്ടിലേക്ക് പോയി. രണ്ടാമത്തെ കുട്ടി ആശുപത്രിയില്‍ തുടരുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ച് ശനിയാഴ്ച രാത്രി കുട്ടി മരിച്ചു. ഇതേത്തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ അസിം ദേവശര്‍മ മെഡിക്കല്‍ കോളജ് അധികൃതരെ സമീപിച്ചു. എന്നാല്‍ ആംബുലന്‍സിന് 8000 രൂപ പണം അടയ്ക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 102 സേവനം രോഗികളെ സൗജന്യമായി എത്തിക്കാനാണെന്നും, മൃതദേഹം കൊണ്ടുപോകാന്‍ അല്ലെന്നുമായിരുന്നു മറുപടി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി.

 

 

 

 

 

 

National News

Leave A Reply

Your email address will not be published.