Latest Malayalam News - മലയാളം വാർത്തകൾ

ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബര്‍ 12-ന്

KERALA NEWS TODAY – ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഹര്‍ജികള്‍ സെപ്റ്റംബര്‍ 12-ന് പരിഗണയ്ക്കാനായാണ് മാറ്റിയത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍തന്നെ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിയുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് മനസിലാകുന്നില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജികള്‍ ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേന്ദ്രത്തിനും, സിബിഐയ്ക്കും വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവിന്റെ ജൂനിയര്‍ അഭിഭാഷക അടുത്ത ചൊവ്വാഴ്ചത്തേക്ക് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണം എന്നാവശ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എസ്.വി രാജു ഹാജരാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം അഭിഭാഷക ഉന്നയിച്ചത്.

അടുത്ത ചൊവ്വാഴ്ച്ച തനിക്ക് അസൗകര്യമാണെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു.
ഹര്‍ജികള്‍ പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റണമെന്ന് സാല്‍വെ ആവശ്യപ്പെട്ടു.
ഇതിനിടെ ഓഗസ്റ്റില്‍ താന്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗം ആയിരിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്തും അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി സെപ്റ്റംബര്‍ 12-ന് പരിഗണിക്കാനായി ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റി.

ഈ ഹര്‍ജികള്‍ നിരവധി തവണ മാറ്റി വച്ചതാണെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് പിണറായി വിജയന് എതിരെ ചുമത്തിയിരുന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പ് റദ്ദാക്കപ്പെട്ടതാണെന്നും അതിനാല്‍ ഈ കേസുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സാല്‍വെ അഭിപ്രായപ്പെട്ടത്.
എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിത് എന്ന് സിബിഐക്കും, കേന്ദ്ര സര്‍ക്കാരിനും വേണ്ടി ഹാജരാകുന്ന മറ്റൊരു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയ കെ എം നടരാജന്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.