KERALA NEWS TODAY – കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം ഒരുദിവസം നേരത്തെയാക്കി.
ഏപ്രില്‍ 25-ന് നടക്കേണ്ട സന്ദര്‍ശനം 24-ലേക്കാണ് മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രിക്ക് പ്രചാരണപരിപാടി ഉള്ളതിനാലാണ് കേരളാ സന്ദര്‍ശനത്തിലെ തീയതിമാറ്റം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണിയും മോദിക്കൊപ്പം വേദി പങ്കിട്ടേക്കും. ബിജെപിയില്‍ അനിലിന്റെ ആദ്യ പൊതുപരിപാടിയായിരിക്കും ഇത്.
അതിനിടെ, പ്രധാനമന്ത്രിയുടെ യുവജന സമ്മേളനത്തിന് ബദലൊരുക്കാന്‍ കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐ.യുടെയോ ബാനറിലായിരിക്കും റാലി.
വന്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനം ബി.ജെ.പി.യുടെ പരിപാടിയെന്ന് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമിട്ടാണ് സംഘാടനം. അതിനാല്‍, രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സി.പി.എം. തീരുമാനം. 23-നോ 24-നോ തിരുവനന്തപുരത്ത് പടുകൂറ്റന്‍ റാലി നടത്തും. വലിയ ജനശ്രദ്ധ ലഭിക്കുന്ന വിധത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വേദി നിശ്ചയിച്ചിട്ടില്ല. ദേശീയനേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.