Latest Malayalam News - മലയാളം വാർത്തകൾ

കടം വാങ്ങി ഓണം; ക്ഷേമ പെൻഷൻ കുടിശികയും തീർക്കാനാകില്ല

KERALA NEWS TODAY – തിരുവനന്തപുരം : ഓണച്ചെലവുകൾക്കായി പണം കണ്ടെത്താൻ കഴിയാത്തതിനാൽ ചെലവുകൾ കർശനമായി ചുരുക്കാൻ സർക്കാർ ശ്രമം തുടങ്ങി.
ജീവനക്കാർക്കു നൽകുന്ന ഓണം അഡ്വാൻസ് ഒഴിവാക്കാനുള്ള ശുപാർശ അംഗീകരിക്കാനാണു സാധ്യത.
3 മാസത്തെ ക്ഷേമ പെൻ‌ഷൻ‌ കൊടുക്കാൻ ആലോചിച്ചിരുന്നു.
എന്നാൽ, ഒന്നോ രണ്ടോ മാസത്തെ നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. തിരുവോണം ഈ മാസം 29ന് ആണ്.
മാസാവസാനമാണ് ഓണമെങ്കിൽ ആ മാസത്തെ ശമ്പളം മുൻകൂട്ടി നൽകുന്ന പതിവ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോവി‍ഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇതു നിർത്തലാക്കി. ഈ ഓണത്തിനും മുൻകൂർ ശമ്പളം നൽകില്ല.

ഈ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്തുകഴിയുമ്പോൾ ഖജനാവ് കാലിയാകുന്ന സ്ഥിതി കണക്കിലെടുത്ത് ഓണച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാനാണ് ആലോചിക്കുന്നത്. ഓണത്തിന് 8,000 കോടി രൂപയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
3 മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ കുടിശിക കൊടുക്കാൻ 2,880 കോടി വേണം. ഇതിനാവശ്യമായ പണമില്ലാത്തതിനാലാണ് ഒന്നോ രണ്ടോ മാസത്തെ നൽകാൻ ആലോചിക്കുന്നത്.

നെല്ല് സംഭരിച്ച വകയിൽ 270 കോടി രൂപ കൂടി നൽകാനാണ് ഇപ്പോഴത്തെ ആലോചന.
സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് 560 കോടി കൊടുക്കാനുണ്ട്. ആകെ 250 കോടിയാണ് ധനവകുപ്പ് കഴിഞ്ഞദിവസം നൽകിയത്.

മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആശുപത്രികളിലേക്കും മെഡിക്കൽ കോളജുകളിലേക്കും മരുന്നുകൾ വാങ്ങിയ വകയിലും കോടികൾ കുടിശികയുണ്ട്. കെഎസ്ആർടിസിക്ക് മുൻ മാസങ്ങളിൽ നൽകാനുള്ള സഹായത്തിൽ 50 കോടിയാണു കുടിശിക.
ഈ മാസം ഇതിനു പുറമേ 50 കോടി കൂടി കൊടുത്താലേ ജീവനക്കാർക്ക് ഓണമുണ്ണാൻ കഴിയൂ.

20 രൂപയ്ക്ക് ഊണു നൽകിയ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി നൽകിയിട്ട് മാസങ്ങളായി. ജീവനക്കാരുടെ ക്ഷാമബത്ത 6 ഗഡു കുടിശികയായി. ഇതിനൊക്കെ പുറമേ ഓണത്തിന് ശമ്പളം, പെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവ വിതരണം ചെയ്യണം.

Leave A Reply

Your email address will not be published.