Latest Malayalam News - മലയാളം വാർത്തകൾ

അവാർഡ് വിവാദത്തിന് രാഷ്ട്രീയനിറം; രഞ്ജിത്തിനെതിരേ സി.പി.ഐ

KERALA NEWS TODAY – കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദം രാഷ്ട്രീയതലത്തിലേക്ക്. അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായി സി.പി.ഐ. രംഗത്തേക്ക്.
രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ചതിലുള്ള അതൃപ്തി മന്ത്രി സജി ചെറിയാനെ സി.പി.ഐ.യുടെ മുതിർന്നനേതാക്കൾ അറിയിച്ചതായാണ് വിവരം.

രഞ്ജിത്തിനെ ചെയർമാൻസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും പരാതിനൽകിയ സംവിധായകൻ വിനയനുപിന്നിൽ സി.പി.െഎ.
ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൽ സി.പി.ഐ. പ്രതിനിധിയായി ഹോർട്ടികോർപ് ചെയർമാൻസ്ഥാനം വഹിച്ച വിനയന് മുതിർന്നനേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

‘‘വിനയന്റെ പരാതി തുടർനടപടിക്കായി സാംസ്കാരികവകുപ്പിന് കൈമാറിയ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണ്.
ഇടപെടലുണ്ടായെന്ന് ജൂറിയംഗങ്ങൾത്തന്നെ വെളിപ്പെടുത്തിയതിനാൽ അന്വേഷണം നടത്തി നടപടിയെടുക്കണം’’ -സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ്ബാബു പറഞ്ഞു.

വിനയന്റെ പരാതിയിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി.
ജിസ്‌മോൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പരാതിയിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് വ്യാഴാഴ്ച എ.ഐ.വൈ.എഫ്. മുഖ്യമന്ത്രിക്ക് കത്തും നൽകി. അക്കാദമിക്ക് പുറത്തുള്ളവരെക്കൊണ്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ജൂറിയംഗങ്ങളുടെ വെളിപ്പെടുത്തലുകളുടെ ശബ്ദരേഖയും കത്തിനൊപ്പം മെയിൽ ചെയ്തിട്ടുണ്ട്.

രഞ്ജിത്തിന് സി.പി.എമ്മിൽനിന്ന് പിന്തുണ പ്രഖ്യാപിച്ചത് മന്ത്രി സജി ചെറിയാൻ മാത്രമാണ്. എന്നാൽ, പ്രസ്താവനയിൽ പ്രതിഷേധമറിയിച്ച സി.പി.ഐ. നേതാക്കളോട് മന്ത്രിയുടെ പ്രതികരണം രഞ്ജിത്തിന് അനുകൂലമായിരുന്നില്ല. സി.പി.എമ്മിലെ ചില മുതിർന്നനേതാക്കൾക്കും രഞ്ജിത്തിന്റെ നിലപാടുകളിൽ അമർഷമുണ്ടെന്നറിയുന്നു.

Leave A Reply

Your email address will not be published.