Kerala News Today-തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ചയെന്ന് പരാതി. നവജാത ശിശുവിൻ്റെ കൈയുടെ എല്ലു പൊട്ടിയെന്നും ഇടതുകൈയുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.
ഇക്കഴിഞ്ഞ മാർച്ച് 27 നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിൻ്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിൻ്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയിൽ പറയുന്നത്. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നൽകിയിയിട്ടുണ്ട്. ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നാണ് നെയ്യാറ്റിൻകരയിലെ ആശുപത്രി അധികൃതർ പറഞ്ഞത്.
അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞത്. അങ്ങനെ എസ്എടി ആശുപത്രിയിൽ ചികിത്സ തേടി. പ്രസവത്തിനിടെ കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. നിലവിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിൻ്റെ പ്രശ്നം മാറിയില്ല. പ്രസവ സമയത്ത് നെയ്യാറ്റിൻ കരയിലെ പ്രധാന ഡോക്ടര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടറും നഴ്സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും കാവ്യ വിശദീകരിച്ചു.
Kerala News Today