Latest Malayalam News - മലയാളം വാർത്തകൾ

“കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ട”: കെ സുധാകരൻ

KERALA NEWS TODAY- കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസിൽ മൊഴി നൽകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരായി.
ഒന്നിനെയും ഭയമില്ലെന്നും തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
അറസ്റ്റിനെ ഭയമില്ല, തനിക്ക് ജാമ്യമുണ്ട്. കടൽതാണ്ടി വന്നവനാണ്, കൈത്തോട് കാട്ടി ഭയപ്പെടുത്തേണ്ടെന്നും സുധകാരൻ പറഞ്ഞു. നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും സുധാകരൻ വിശദീകരിച്ചു.

മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ.
കേസിൽ അറസ്റ്റ് വേണ്ടിവന്നാൽ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷണത്തോടു പൂർണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഇന്ന് സുധാകരന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഉറപ്പിച്ചു പറയുന്നില്ല. ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്നാം പ്രതിയും ഐജിയുമായ ജി.ലക്ഷ്മണും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും എന്നു ചോദ്യം ചെയ്യണമെന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ല.

ഗൾഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ മോൻസനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി പരാതിക്കാരെ മോൻസൻ വിശ്വസിപ്പിച്ചെന്നാണു പരാതിയിൽ പറയുന്നത്.
ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്നു പറഞ്ഞു മോൻസൻ പലപ്പോഴായി 10 കോടി രൂപ വാങ്ങി.
2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽവച്ചു കെ.സുധാകരൻ ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നൽകിയെന്നും ഈ വിശ്വാസത്തിലാണു മോൻസനു പണം നൽകിയതെന്നാണു പരാതിക്കാരുടെ ആരോപണം.

Leave A Reply

Your email address will not be published.