KERALA NEWS TODAY – കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത് ഫര്‍ഹാനയുടെ ഫോണ്‍വിളി.
ചെന്നൈയിലേക്ക് പോയപ്പോള്‍ മറ്റൊരാളുടെ ഫോണില്‍ നിന്നും ഫര്‍ഹാന ഒറ്റപ്പാലത്തെ ബന്ധുവിനെ വിളിച്ചതാണ് നിര്‍ണായകമായത്.
ഇത് പിന്തുടര്‍ന്നാണ് പൊലീസ് മൂവരെയും കുടുക്കിയത്. പ്രതികളുമായി ഇന്ന് അട്ടപ്പാടി ചുരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തും.
അതേസമയം, കൊലപാതകം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഹോട്ടല്‍ ‘ഡി കാസ ഇന്നി’ന് ലൈസന്‍സില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പറേഷന്‍റെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയോ അനുമതിയും ഉണ്ടായിരുന്നില്ലെന്നും മലിനജലം ഒഴുക്കിയതിന് കോര്‍പറേഷന്‍ അധികൃതര്‍ മുന്‍പ് ഹോട്ടല്‍ പൂട്ടിച്ചിരുന്നുവെന്നും സ്ഥിരീകരിച്ചു.
ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19)യ്ക്കു പുറമേ, വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരാണ് മറ്റു പ്രതികൾ.