Kerala News Today-തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസ്.
അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് നോട്ടീസ്. നാളെ രാവിലെ 11ന് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്.
വി എസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു.
ഏപ്രിൽ മുതൽ ഇഡി സംഘം വി എസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷണ വിധേയമാക്കിയത്.
സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.
മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വി എസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വി എസ് ശിവകുമാറിൻ്റെ കഴിഞ്ഞ ദിവസത്തെ നിലപാട്.
Kerala News Today