Entertainment News-തിരുവനന്തപുരം: ആദ്യകാല മലയാള ചലച്ചിത്രനടൻ വി ടി ജോസഫ് അന്തരിച്ചു. 89 വയസായിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രേം നസീർ സിനിമയിൽ എത്തുന്നതിനു മുൻപേ ജോസഫ് നായകനായി അഭിനയിച്ചു.
കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് കുടുംബാംഗമാണ്. വെള്ളൂക്കുന്നേൽ അപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനിൽകുമാർ എന്ന പേരിലാണ് സിനിമയിൽ അഭിനയിച്ചത്. 1954-ൽ കെ വി കോശി നിർമിച്ച ‘പുത്രധർമം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്.
ലക്ഷ്മീബായി, നാണുക്കുട്ടൻ, ടി.ആർ.ഓമന, ബഹദൂർ, തിക്കുറിശ്ശി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. 1957-ൽ പി.കെ.സത്യപാൽ നിർമിച്ച ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ സത്യനൊപ്പം അഭിനയിച്ചു. കുമാരി തങ്കവും ശാന്തിയുമായിരുന്നു അതിലെ നായികമാർ. ചെന്നൈയിൽ ബിരുദപഠന കാലയളവിലാണ് ജോസഫ് സിനിമയിലെത്തിയത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങി. 20 വർഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചത്.
Entertainment News