KERALA NEWS TODAY- കോട്ടയം: ചികിത്സയിലിരിക്കെ എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം.
പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോഷ് എബി എന്ന കുഞ്ഞിന്‍റെ മരണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഭാഗമായ കുട്ടികളുടെ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കോട്ടയം മണര്‍കാട് സ്വദേശിയായ എബിയുടെയും ജോന്‍സിയുടെയും മകനാണ് ജോഷ്.
ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നല്‍കിയ ശേഷം കുഞ്ഞിന്‍റെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് വഴിവച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മെയ് 11 നാണ് പനിയെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പോസ്റ്റ് കോവിഡ് മിസ്കോ കാവസാക്കി രോഗമാകാം കുഞ്ഞിനെന്ന നിഗമനത്തിലായിരുന്നു ചികിത്സ.
ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടും പൂര്‍ണമായി രോഗം ശമിക്കാഞ്ഞതിനെ തുടര്‍ന്ന് മെയ് മാസം 29 ന് രാത്രി 9 മണിയോടെ കുഞ്ഞിന് ഇന്‍ഫ്ളിക്സിമാബ് എന്ന തീവ്രത കൂടിയ ഇന്‍ജക്ഷന്‍ കുത്തിവച്ചു.
ഈ മരുന്ന് കുത്തിവച്ചാല്‍ ഹൃദയാഘാത സാധ്യത ഉണ്ടെന്ന് അറിയമായിരുന്നിട്ടും നിരീക്ഷണത്തിനുളള സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ല എന്നാണ് ആരോപണം.
കുഞ്ഞ് അസാധാരണമായ വിധം ശ്വാസമെടുക്കുന്നത് കണ്ട് മുറിയിലുണ്ടായിരുന്ന കുഞ്ഞിന്‍റെ അമ്മയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോള്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞിന്‍റെ ആരോഗ്യനില മോശമായെന്നറിഞ്ഞതെന്നും കുടുംബം പറയുന്നു. എന്നാൽ കുട്ടിക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ ഒരു വിധത്തിലുളള ചികിത്സാപിഴവും ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.