KERALA NEWS TODAY – തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളംമറിഞ്ഞ് അപകടം. അപകടത്തില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
ശനിയാഴ്ച രാവിലെ 7.20-ഓടെയാണ് അപകടം.
മുതലപ്പൊഴി ഭാഗത്ത് അടുത്ത ദിവസങ്ങളിലായി ശക്തമായ തിരയാണ് അടിക്കുന്നത്. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ഇവര്‍ അപകടത്തിന് പിന്നാലെ കടലിലേക്ക് നീന്തി രക്ഷപ്പെട്ടു. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.
സാരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ബാബു, ക്രിസ്തുദാസ് എന്നിവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ക്രിസ്തുദാസിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം ഉണ്ടായ ഉടനെ തന്നെ മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
അതേസമയം, തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച അഞ്ചംഗ സംഘത്തിനൊപ്പം മത്സ്യബന്ധനത്തിന് പോയ ഫ്രാന്‍സിസ് അല്‍ഫോണ്‍സിന്റെ (65) മൃതദേഹമാണ് ലഭിച്ചത്.
കരയില്‍നിന്ന് അടുത്ത് തന്നെയായിട്്ണ് അപകടം നടന്നത്. അഞ്ചുപേരില്‍ നാലുപേര്‍ക്ക് നീന്തി രക്ഷപ്പെടാന്‍ സാധിച്ചിരുന്നു, എന്നാല്‍ ഫ്രാന്‍സിസ് അല്‍ഫോണ്‍സിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മത്സ്യത്തൊഴിലാളികളും കോസ്റ്റഗാര്‍ഡും തിരച്ചില്‍ തുടരുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം ലഭിച്ചത്.