NATIONAL NEWS – ന്യൂഡൽഹി : പ്രതിപക്ഷം ലോക്സഭയിലുയർത്തുന്ന പ്ലക്കാർഡുകൾ സൻസദ് ടിവിയുടെ സംപ്രേഷണത്തിൽ ഉൾപ്പെടാതിരിക്കാൻ സഭയിലെ മുകൾ നിരകളിലേക്കു മാറി നിന്ന് മന്ത്രിമാരുടെ പ്രസംഗം.
സ്പീക്കർ പ്രസംഗിക്കാൻ ക്ഷണിക്കുന്ന അംഗങ്ങളുടെ മുൻവശത്തു നിന്ന് പ്രതിപക്ഷാംഗങ്ങൾ മണിപ്പുർ വിഷയമുന്നയിച്ച് പോസ്റ്റർ ഉയർത്തിക്കാണിക്കാറുണ്ട്.
അതു ടിവിയിൽ വരാതിരിക്കാനാണ് ഈ പെടാപ്പാട്.
മുൻനിര സീറ്റുകളിലിരിക്കുന്ന മന്ത്രിമാർ പ്രസംഗിക്കാനും ബില്ലുകൾ അവതരിപ്പിക്കാനും എഴുന്നേൽക്കുമ്പോൾ മുഖം മറച്ച് പോസ്റ്ററുകൾ ഉയർത്താനായി ഉയരമുള്ള വി.കെ.ശ്രീകണ്ഠൻ ഉൾപ്പെടെയുള്ളവരെയാണ് പ്രതിപക്ഷം നിയോഗിക്കുന്നത്.
ഇവർ മുൻപിൽ നിന്ന് പോസ്റ്ററുയർത്തുന്നതോടെ മന്ത്രിയുടെ മുഖം മറയും.
ഇതോടെയാണ് അഞ്ചും ആറും നിരകളിലേക്ക് മാറി മന്ത്രിമാർ ബില്ലവതരണം തുടങ്ങിയത്.
പീയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, മൻസുഖ് മാണ്ഡവ്യ, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവരൊക്കെ ഇങ്ങനെയാണ് ബില്ലുകൾ അവതരിപ്പിച്ചത്.
ഗാലറികളിലുള്ള ക്യാമറകളിൽ നിന്ന് പിൻനിരകളിലുള്ള മന്ത്രിമാരെ പകർത്തുമ്പോൾ പ്രതിപക്ഷ പ്രതിഷേധം ദൃശ്യങ്ങളിൽ വരില്ല.
ഇതിനെ പ്രതിരോധിക്കാൻ പോസ്റ്ററുകൾ ചുരുട്ടി ഒട്ടിച്ച് വടിപോലെയാക്കി അതിനു മുകളിൽ ഒരു പോസ്റ്റർ വച്ച് പ്ലക്കാർഡാക്കി മാറ്റിയാണ് ഇന്നലെ പ്രതിപക്ഷം തിരിച്ചടിച്ചത്.