Latest Malayalam News - മലയാളം വാർത്തകൾ

താനൂര്‍ ബോട്ടപകടം മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും

Kerala News Today-തിരുവനന്തപുരം: മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തം മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കും. ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറങ്ങി. നീലകണ്ഠന്‍ ഉണ്ണി(റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍(ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. ടേം ഓഫ് റഫറന്‍സ് പിന്നീട് പ്രസിദ്ധീകരിക്കും.

താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും.

തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി. ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് വി.കെ മോഹനൻ പ്രതികരിച്ചിരുന്നു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ഉദ്യോഗസ്ഥ തല വീഴ്ചകൾ പരിശോധിക്കുന്നതായിരിക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ബോട്ടപകടങ്ങളിൽ മുൻ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പിലായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.