Latest Malayalam News - മലയാളം വാർത്തകൾ

മുടി മുറിക്കാന്‍ പോയ 16-കാരനെ കാണാതായിട്ട് രണ്ടാഴ്ച; ഇരുട്ടില്‍ തപ്പി പോലീസ്

KERALA NEWS TODAY – കണ്ണൂർ : നൂറ് രൂപയും കയ്യിൽ പിടിച്ച് വീടിന് തൊട്ടടുത്തുള്ള കടയിൽ മുടി മുറിക്കാൻ പോയതാണ് പതിനാറുകാരനായ മുഹമ്മദ് ഷെസിൻ.
ദിവസം
15 കഴിഞ്ഞു, ഇത് വരെ അവൻ തിരിച്ച് വന്നിട്ടില്ല.
ഈ മാസം 16-ന് രാവിലെ 11 മണിയോടെയാണ് കുഞ്ഞിപ്പള്ളി ​ഗായത്രി ടാക്കിസിന് സമീപത്തെ വീട്ടിൽ നിന്ന് ഷെസിൻ മുടിമുറിക്കാൻ പോയത്.

വീ‍ട്ടിൽ നിന്ന് നടന്നാൽ അഞ്ച് മിനിറ്റ് സമയം കൊണ്ട് എത്താവുന്ന കടയിലേക്കാണ് ഷെസിൻ പോയത്.
ഉച്ച കഴിഞ്ഞിട്ടും മകൻ തിരിച്ച് വരാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളുടെ വീടുകളിൽ ചെന്നിട്ടില്ല, മുടിവെട്ടുന്ന കടയിലും എത്തിയിട്ടില്ല.
ഒന്നു വിളിച്ച് നോക്കാൻ മകന്റെ കയ്യിൽ ഫോണും ഇല്ല.
അന്ന് വൈകുന്നേരം തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെസിനെ കണ്ടെത്താൻ പോലീസിനും കഴിഞ്ഞിട്ടില്ല.

കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ് മുഹമ്മദ് ഷെസിൻ.
പുതിയ സ്കൂളിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അധികം കൂട്ടുകാരില്ല, വീട്ടിൽ നിന്ന് ഇതിന് മുമ്പ് പറയാതെ എങ്ങും പോയിട്ടില്ല.
വീട്ടിൽ നിന്ന് അധികം പുറത്ത് പോവുന്ന ശീലവും ഇല്ല. പിന്നെ മകന് എന്ത് സംഭവിച്ചുവെന്ന ആധിയിൽ കഴിയുകയാണ് ഷെസിന്റെ കുടുംബം.

മകനെ കാണാതായ വിവരം അറിഞ്ഞ് നാട്ടിൽ എത്തിയതാണ് പ്രവാസിയായ പിതാവ് നിസാർ.
മകനെ കാണാതായതിൽ പിന്നെ രാത്രി പോലും വീടിന്റെ ​ഗേറ്റ് അടക്കാറില്ലെന്ന് പറയുമ്പോൾ പിതാവ് നിസാറിന്റെ ശബ്ദത്തിൽ ഇടർച്ച.
മകൻ രാത്രിയെങ്ങാനും കയറി വന്നാലോ എന്ന പ്രതീക്ഷയോടെയാണ് നിസാർ കാത്തിരിക്കുന്നത്.

ഫോണിൽ ​ഗെയിം കളിക്കുകയായിരുന്ന മകനെ നിനക്ക് മുടിയൊന്ന് വെട്ടിക്കൂടെ എന്ന് ചോദിച്ച് പണം കൊടുത്ത് പറഞ്ഞുവിട്ടതാണ് ഷെസിന്റെ മാതാവ് ഷെസീറ.
മകനെ കിട്ടിയോ എന്ന ഒരു ചോദ്യം മാത്രമേ ഷെസീറയ്ക്ക് ഇപ്പോൾ ചോദിക്കാനുള്ളൂ.

സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം തുടരുന്നുണ്ടെന്നും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.