WORLD TODAY : ഉബറിന് നേരെയുണ്ടായ സൈബറാക്രമണം അധികൃതരില്‍ നിന്ന് മറച്ചുവെച്ചതിന് കമ്പനിയിലെ മുന്‍ സുരക്ഷാ മേധാവിയായ ജോസഫ് സള്ളിവന് ശിക്ഷ വിധിച്ച് കോടതി. 50,000 ഡോളര്‍ പിഴയും 200 മണിക്കൂര്‍ സന്നദ്ധ സേവനവുമാണ് ശിക്ഷ. 15 മാസത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും ജയില്‍ ശിക്ഷയില്‍ നിന്ന് സള്ളിവന്‍ രക്ഷപ്പെട്ടു .
സള്ളിവന്‍ 2015-ലാണ് ഉബറില്‍ എത്തിയത്. 2016-ല്‍ ഉബറിനെ ലക്ഷ്യമിട്ട് സൈബറാക്രമണം നടത്തിയ ഹാക്കര്‍മാര്‍ സള്ളിവനെ ഇമെയില്‍ വഴി ബന്ധപ്പെട്ടു. ഉബറില്‍നിന്നു വലിയ അളവില്‍ ഡാറ്റ തങ്ങള്‍ കൈക്കലാക്കിയിട്ടുണ്ടെന്നും അവ ഡിലീറ്റ് ചെയ്യണമെങ്കില്‍ പ്രതിഫലം വേണമെന്നുമായിരുന്നു അവരുടെ ആവശ്യമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.
സള്ളിവന്റെ സഹപ്രവര്‍ത്തകര്‍ ഹാക്കിങ് നടന്ന വിവരം സ്ഥിരീകരിച്ചു. 5.7 കോടി ഉബര്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും, ആറ് ലക്ഷം ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും ഹാക്കര്‍മാര്‍ കൈക്കലാക്കി. ഈ ഡാറ്റ നീക്കം ചെയ്യാന്‍ സള്ളിവന്‍ ഒരു ലക്ഷം ഡോളര്‍ ഹാക്കര്‍മാര്‍ക്ക് നല്‍കി. ഉബര്‍ ഹാക്ക് ചെയ്ത വിവരം ആരെയും അറിയിക്കരുതെന്ന് അവരോട് വ്യവസ്ഥ ചെയ്യുകയും ചെയ്തു.
പ്ലാറ്റ്‌ഫോമിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന സൈബര്‍സുരക്ഷാ ഗവേഷകര്‍ക്ക് പാരിതോഷികം നല്‍കുന്ന ‘ബഗ് ബൗണ്ടി’ എന്ന പേരിലാണ് 2016 ല്‍ സള്ളിവന്‍ ഹാക്കര്‍മാര്‍ക്ക് പണം നല്‍കിയത്. 2019-ല്‍ ഇക്കാര്യം പുറത്തുവരികയും സംഭവം നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്തു. ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ഒരു അന്വേഷണം തടസപ്പെടുത്തിയതിനും സള്ളിവന്‍ പ്രതിയാണ്.
ഇത്തരത്തിലുള്ള ആദ്യ കേസായതിനാലാണ് സള്ളിവന് ജഡ്ജ് വില്യം ഒറിക്ക് ജയില്‍ ശിക്ഷ ഇളവ് നല്‍കിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൂടുതല്‍ പേര്‍ വന്നാല്‍, ഈ ഇളവ് ലഭിക്കില്ലെന്നും തടവ് ശിക്ഷ ഉള്‍പ്പടെ കുറ്റവാളിക്ക് നല്‍കുമെന്നും കോടതി വ്യക്തമാക്കി.