Latest Malayalam News - മലയാളം വാർത്തകൾ

കേരളത്തില്‍ മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി

Kerala News Today-ന്യൂയോർക്ക്: 2016 മുതൽ കേരളത്തിൽ മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നാഷണൽ ഹൈവേ വികസനവും ഗെയിൽ പൈപ്പ്‌ലൈനും യാഥാർഥ്യമാക്കി. പറഞ്ഞ കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് കേരളത്തിലെന്നും വാഗ്ദാനം നടപ്പാക്കിയതുകൊണ്ടാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി ലോക കേരളസഭയുടെ ഭാഗമായി ന്യൂയോർക്കിൽ ടൈംസ്‌ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പറഞ്ഞു.
മികച്ച ജനപങ്കാളിത്തമായിരുന്നു സമ്മേളനത്തിലുണ്ടായിരുന്നത്.

സംസ്ഥാനത്തെ വിവിധ വികസന പ്രവർത്തനങ്ങളെ കുറിച്ചും ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ പിണറായി വിജയൻ പരാമർശിച്ചു.
കെ റെയിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പദ്ധതി ഇന്നല്ലെങ്കിൽ നാളെ യാഥാർഥ്യമാകും.
വന്ദേഭാരത് ട്രെയിനിൻ്റെ വരവോടെ അതിവേഗ ട്രെയിനിൻ്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളിൽ വന്ദേഭാരത് വലിയ സ്വീകാര്യതയുണ്ടാക്കി. കെ റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാനുള്ള ശ്രമം തുടരുകയാണ്. കെ റെയിലിനെ അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
സിൽവർ ലൈനിന് അനുമതി ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സമ്മർദങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിലെത്തിയിട്ടുണ്ട്. അതിനാലാണ് കെ റെയിൽ ഇപ്പോൾ യാഥാർഥ്യമാവാത്തതെന്നും എന്നാൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെഎൻ ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി ജോയ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രമുഖ വ്യവസായി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിത സംരംഭകർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്.
പതിനാലാം തീയതി പിണറായി വിജയൻ ക്യൂബയിലെ ഹവാനയിലേക്ക് തിരിക്കും. പതിനഞ്ച്, പതിനാറ് തീയതികളിലെ ഹവാനയിലെ വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.